Tue. Nov 5th, 2024
ന്യൂഡൽഹി:

ഏക വരുമാനക്കാർ കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഇഎസ്ഐസി വഴി പെൻഷൻ നൽകും. 2020 മാർച്ച് 20 മുതൽ  2022 മാർച്ച് 24 വരെയാണ് ഇത് നടപ്പാക്കുക.

ഇഡിഎൽഐ വഴിയുള്ള ഇൻഷുറൻസ് ഉയർത്താനും വേഗത്തിലാക്കാനും തീരുമാനം. കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസം ലഘൂകരിക്കാൻ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

കൊവിഡ് മഹാമാരിയെത്തുടർന്ന് അനാഥരായ കുട്ടികൾക്കായി പി എം കെയർ ഫോർ ചിൽഡ്രൻ പദ്ധതിയും പ്രധാനമന്ത്രി  പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രായപൂർത്തി ആകുമ്പോൾ പ്രതിമാസ സ്റ്റൈപൻഡ്  നൽകും. ഇവർക്ക് 23 വയസാകുമ്പോൾ 10 ലക്ഷം രൂപയും നൽകും. പി എം കെയർ ഫണ്ടിൽ നിന്നാണ് ഈ തുകകൾ വകയിരുത്തുക.

കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ നൽകും. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നൽകും.

സ്വകാര്യ സ്‌കൂളിലാണ് പഠനം എങ്കിൽ ചെലവ് സർക്കാർ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികൾക്ക് കേന്ദ്ര സർക്കാർ സ്‌കൂളുകളിൽ പ്രവേശനം നൽകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് വിദ്യാഭ്യാസ ലോൺ നേടാൻ സഹായിക്കും. സ്കോളർഷിപ്പ് അനുവദിക്കുമെന്നും  പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

By Divya