Wed. Jan 22nd, 2025
കവരത്തി:

പുതിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപ് ബിജെപി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കും.

വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം. ലക്ഷദ്വീപില്‍ ഇന്ന് മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരുന്നത്. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ലക്ഷദ്വീപില്‍ യാത്രാ നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയ്യാറാക്കാന്‍ ആറംഗ കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

കമ്മിറ്റിയുടെ ആദ്യ യോഗം ജൂണ്‍ 5 ന് ചേരും. കപ്പല്‍- വിമാന യാത്രക്ക് നിയന്ത്രണം കൊണ്ടുവരും. ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നല്‍കാന്‍ ഇനി മുതല്‍ അധികാരമുള്ളത് കവരത്തി എഡിഎമ്മിനാകും. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. എഡിഎമ്മിന്റെ അനുമതിയുള്ളവര്‍ക്ക് മാത്രമാണ് ഇന്ന് മുതല്‍ സന്ദര്‍ശനാനുമതി.കൊവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണമെന്നാണ് ഔദ്യോഗിക വിശദീകരണം.

By Divya