ന്യൂഡൽഹി:
വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട ശേഷം കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങി അയൽരാജ്യമായ ഡൊമിനിക്കയിൽ അറസ്റ്റിലായ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഡൊമിനിക്കയിലെ ജയിലില്‍നിന്നുള്ള ദൃശ്യങ്ങളാണ് ആന്‍റിഗ്വാ ന്യൂസ്റൂം എന്ന മാധ്യമം പുറത്തുവിട്ടത്. കണ്ണിലും കൈകളിലും പരുക്കേറ്റ നിലയിലാണു മെഹുല്‍ ചോക്സി.
ചോക്സിക്കായി ഡൊമിനിക്കയിലെ കോടതിയില്‍ അഭിഭാഷകര്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ഇതില്‍ വിധി വരുന്നതുവരെ ചോക്സിയെ രാജ്യത്തിനു പുറത്തേക്കു വിടുന്നതു ഡൊമിനിക്കന്‍ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽനിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്.
ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാത്ത ആന്റിഗ്വയിലാണ് 2018 മുതൽ താമസം. അവിടെനിന്നും കാണാതായ ഇയാൾക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണു കഴിഞ്ഞദിവസം അറസ്റ്റുണ്ടായത്. ഡൊമിനിക്കയിൽനിന്ന് ആന്റിഗ്വയ്ക്കു കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഇന്ത്യയിലേക്കു നാടു കടത്തുന്നതുമായി ബന്ധപ്പെട്ട കേസും പൗരത്വം സംബന്ധിച്ച മറ്റൊരു കേസും ആന്റിഗ്വയിൽത്തന്നെയുണ്ട്. കേസിൽ നേരത്തേ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ ജയിലിലാണ്.