Fri. Apr 19th, 2024

“തിഹാർ ജയിലിനുള്ളിൽ എന്റെ കോവിഡ് -19 ക്വാറൻ്റൈൻ അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷമാണ്, സഹപ്രതിയായ നതാഷയുടെ പിതാവ് മഹാവീർ നർവാൾ കൊവിഡ് 19 ബാധിച്ച് മരിച്ചുവെന്ന വാർത്ത ഞാൻ അറിയുന്നത്.

എനിക്ക് ശ്രീ മഹാവീറിനെ അറിയില്ലായിരുന്നു. പക്ഷേ, കഴിഞ്ഞ വേനൽക്കാലത്ത് നതാഷ അറസ്റ്റിലായതിനുശേഷം അദ്ദേഹം നൽകിയ ചില അഭിമുഖങ്ങൾ ഞാൻ കണ്ടു. തന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായ സമയത്ത് അദ്ദേഹം തികഞ്ഞ ഒതുക്കത്തോടെയും മാന്യതയോടെയുമാണ് സംസാരിച്ചത്. നതാഷ അറസ്റ്റുചെയ്യപ്പെട്ടതിൻ്റെ കാരണമായിപ്പറഞ്ഞ കലാപത്തിനായുള്ള ഗൂഢാലോചന എന്ന ആരോപണത്തിൽ തകരാതെ തൻ്റെ മകളുടെ നിരപരാധിത്വത്തെയും അവളുടെ ആക്റ്റിവിസത്തേയും ന്യായീകരിച്ച അദ്ദേഹം മകളെക്കുറിച്ച് അഭിമാനമേയുള്ളൂ എന്നും പറഞ്ഞു.

നതാഷയുടെ ദുഃഖത്തിലും നഷ്ടത്തിലും കൂടെ നിൽക്കുന്നു. അവളുടെ വേദനയും ദുരിതവും ഊഹിക്കാൻ പോലും പ്രയാസമാണ്.

ജയിലിലെ ജീവിതം സാധാരണ സമയങ്ങളിൽ പോലും വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ എട്ട് മാസമായി ഞാൻ ഒരു സെല്ലിൽ മാത്രം, നിരവധി അവസരങ്ങളിലും ഒരു ദിവസം 20 മണിക്കൂറിലധികം, ചിലവഴിച്ചു, എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന ആരോഗ്യ പ്രതിസന്ധി ജയിൽ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ പലമടങ്ങ് വർദ്ധിപ്പിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ, കോവിഡ് -19 ന്റെ രണ്ടാം തരംഗം ഇന്ത്യയെ കഷ്ടത്തിലാക്കുമ്പോൾ, എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരേയും കുറിച്ച് ഓർത്ത് വിഷമിച്ചുകൊണ്ട് കടുത്ത ഉത്കണ്ഠയിലല്ലാതെ ഒരു പകലോ രാത്രിയോ എനിക്ക് സെല്ലിൽ ഇരിക്കാൻ കഴിഞ്ഞിട്ടില്ല.

ചിന്തിച്ച് വിഷമിക്കാതിരിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ദിനംപ്രതി രാവിലെ പത്രത്തിൽ നിന്നറിയുന്ന മരണത്തിൻ്റേയും നിരാശയുടേയും വാർത്തകൾ അതിനനുവദിക്കുന്നില്ല. ഏറ്റവും മോശമായ ചിന്തകളെ പ്രതിരോധിക്കുക സാധ്യമല്ലാതാവുന്നു. അത്തരം നിമിഷങ്ങളിൽ, ജയിൽ സെൽ ശ്വാസംമുട്ടിക്കുകയും ക്ലോസ്ട്രോഫോബിയ മനസ്സും ശരീരവും കീഴടക്കുകയും ചെയ്യുന്നു.

വീട്ടിൽ നിന്ന് വരുന്ന, ആഴ്ചയിലൊരിക്കലുള്ള അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഫോൺ കോളിനോ രണ്ടാഴ്ചയിലൊരിക്കലുള്ള പത്ത് മിനിറ്റ് വീഡിയോ കോളിനോ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു. ഞങ്ങൾ സംസാരിച്ചുതുടങ്ങുമ്പോൾ തന്നെ, കോൾ തീർന്നുപോകുന്ന പോലെയുള്ള ഒരു അവസ്ഥയാണ്. വീട്ടിലേക്കുള്ള ഇത്തരം ഫോൺകോളുകൾക്കിടയില്ലാതെ മുൻപൊരിയ്ക്കലും ഓരോ സെക്കൻ്റിൻ്റേയും വില ഞാൻ മനസ്സിലാക്കിയിരുന്നില്ല.

ഏപ്രിൽ പകുതിയോടെ, എന്റെ അമ്മയ്ക്കും നിരവധി ബന്ധുക്കളും കോവിഡ് -19 രോഗബാധയുണ്ടായതായി ഞാൻ അറിഞ്ഞു. കൊവിഡ് ബാധിച്ച എൻ്റെ അമ്മാവനു് ഓക്സിജൻ അളവ് കുറയുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഉടനെ തന്നെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. വീട്ടുകാരുടെ ആരോഗ്യാവസ്ഥയിൽ വിഷമിച്ചിരുന്ന എനിക്ക് ഒരു ദിവസം രാവിലെ എണീറ്റപ്പോൾ പനിയും കടുത്ത ശരീരവേദനയും ആയിരുന്നു. ജയിൽ ഓപ്പിഡിയിലേക്ക് പരിശോധനയ്ക്കായി പോയെങ്കിലും കുറച്ച് മരുന്നുതന്ന് അവരെന്നെ തിരിച്ചയച്ചു. ആറ് ദിവസത്തിനുശേഷം കൊവിഡ് ലക്ഷണങ്ങളും കോടതിയിൽ നിന്നുള്ള ഉത്തരവും കാരണം എനിക്ക് കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയും ചെയ്തു.

കൊവിഡ് പോസിറ്റീവ് ആയതിനുശേഷം എനിക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭിച്ചു. ക്വാറൻ്റൈനിലും ആയി. എന്നാൽ സ്വാഭാവികമായും, ക്വാറൻ്റൈനിൽ ആയതുകൊണ്ടുതന്നെ വീട്ടിൽ നിന്നുള്ള ഫോൺ, വീഡിയോ കോളുകൾക്ക് മുടക്കം വന്നു. വീട്ടിലെ സ്ഥിതി എന്തായിരിക്കും എന്ന് ആലോചിച്ച് നിസ്സഹായനായ ഞാൻ പിന്നീട് കൊവിഡ് 19 ൽ നിന്നും മുക്തനായി.

ക്വാറൻ്റൈനിൽ ആയപ്പോൾ ദില്ലി ഹൈക്കോടതി നിയോഗിച്ച ഹൈ-പവർ കമ്മിറ്റി കഴിഞ്ഞ വർഷം കൊവിഡ് -19 മൂലം അടിയന്തര പരോൾ / ഇടക്കാല ജാമ്യത്തിൽ തടവുകാരെ മോചിപ്പിച്ചത് പോലെ ഈ വർഷവും നടപടികളെടുക്കുമെന്ന് ഞാൻ മനസ്സിലാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്റ്റ്,(യു‌എ‌പി‌എ) പ്രകാരം അറസ്റ്റുചെയ്തവർക്ക് ഏതെങ്കിലും ഇടക്കാല ജാമ്യത്തിന് അർഹതയില്ലെന്ന് കഴിഞ്ഞ വർഷത്തെ അനുഭവത്തിൽ നിന്ന് എനിക്കറിയാമായിരുന്നു.

സ്ഥിരമായി ജാമ്യം നേടുക എന്നതുമാത്രമായിരുന്നു കുടുംബത്തിലേക്ക് എത്താനുള്ള ഏകമാർഗം. പക്ഷേ യുഎപിഎ ചുമത്തപ്പെട്ടതിനാൽ അത് സമീപഭാവിയിലൊന്നും സാദ്ധ്യമാവുന്ന കാര്യവുമല്ലായിരുന്നു. ജാമ്യമാണ് ചട്ടം എന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തെ പരിഹസിക്കുകയാണ് യു എ പി എ നിയമം. ജാമ്യം ലഭിക്കുന്നതിനായി കുറ്റാരോപിതനായ വ്യക്തി നിരപരാധിയാണെന്ന് തെളിയിക്കേണ്ടിവരുന്നു. അതും വിചാരണയുടെ സഹായത്തിൽ അല്ലാതെ.

വളരെക്കാലം നീണ്ടുനിൽക്കുന്ന ഒരു വിചാരണയ്ക്ക് ശേഷം മാത്രമാണ് നമുക്ക് സ്വതന്ത്രരാവാമെന്ന് പ്രതീക്ഷിക്കാവുന്നത്. ഞങ്ങളുടെ കേസിലെ ആദ്യ അറസ്റ്റിന് ശേഷം 14 മാസം ആയെങ്കിലും ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ പോലും ഞങ്ങൾക്ക് അവസരം ലഭിച്ചിട്ടില്ല. ഈ ‘ഗൂഢാലോചന’ കേസിൽ അറസ്റ്റിലായ ഞങ്ങൾ 16 പേരും വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിലാണ്. അനേകം ജഡ്ജിമാർ, അഭിഭാഷകർ, കോടതി ഉദ്യോഗസ്ഥർ എന്നിവർക്ക് കൊവിഡ് 19 ബാധിച്ചതിനാൽ നടപടികൾ കൂടുതൽ വൈകും.

വ്യക്തമായും, ഈ പ്രക്രിയകൾ തന്നെ ശിക്ഷയാണ്. സാധാരണ സമയങ്ങളിൽ പോലും മന്ദഗതിയിൽ നടക്കുന്ന ഈ പ്രക്രിയ, ഇന്നത്തെ അവസ്ഥയിൽ ക്രൂരമായിത്തീർന്നിരിക്കുന്നു.

ഇന്ന് നിലനിൽക്കുന്ന അസാധാരണമായ അവസ്ഥകളെ സർക്കാർ പരിഗണിക്കുകയും രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുകയും ചെയ്യുമോ? എനിക്ക് അത്തരം പ്രതീക്ഷകളൊന്നുമില്ല. കാരണം കഴിഞ്ഞ വർഷത്തെ മഹാമാരിയിൽ അസാധാരണമായ സാഹചര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധങ്ങളെ തടയുവാനും, ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയിയിലേക്ക് മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനും പൗരത്വ (ഭേദഗതി) നിയമത്തിന്റെ (സി‌എ‌എ) ഭരണഘടനാവിരുദ്ധതതയെക്കുറിച്ച് സംസാരിച്ച പലരേയും ജയിലിലേക്ക് അയയ്ക്കാനും സർക്കാരിനു കഴിഞ്ഞു.

ഇന്ന് ഞങ്ങൾ സ്വതന്ത്രരായിരുന്നുവെങ്കിൽ ജീവിതം എങ്ങനെയായിരിക്കുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. ആവശ്യമുള്ളവരെ സഹായിക്കാനായി അവരുടെ സ്വത്വം കണക്കിലെടുക്കാതെ സമാനുഭാവത്തോടും ഐക്യദാർഢ്യത്തോടും കൂടി ഞങ്ങൾ എത്തിച്ചേരുമായിരുന്നു. പക്ഷേ, ഇവിടെ ഞങ്ങൾ, മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഇരുന്നുകൊണ്ട് രോഗം, ഉത്കണ്ഠ, നതാഷയുടെ കാര്യത്തിൽ വ്യക്തിപരമായ ദുരന്തം എന്നിവയുമായി പോരാടുന്നു.

പല ജീവനുകളും നഷ്ടപ്പെടുന്നതിനൊപ്പം, കൊവിഡ് -19 കഴിഞ്ഞ 14 മാസമായി ആളുകളുടെ മാനസികാരോഗ്യത്തെ വലിയ തോതിൽ ബാധിച്ചതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ തടവുകാരെക്കുരിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും ആളുകൾ ഒന്ന് ചിന്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. തൻ്റെ മകൾ മോചിക്കപ്പെടുന്നത് കാണാൻ ഒരു വർഷത്തോളം കാത്തിരുന്ന മഹാവീർ നർവാളിന് അവസാനം കൊവിഡ് ബാധിച്ച് ജീവൻ വെടിയേണ്ടിവരികയാണ് ചെയ്തത്. അദ്ദേഹത്തിൻ്റെ അവസാന നിമിഷങ്ങളിൽ പിതാവിനൊപ്പം ജീവിക്കാൻ കഴിയാത്ത, അദ്ദേഹത്തിൻ്റെ സംസ്കാരം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോൾ ജയിലിലേക്കു തന്നെ മടങ്ങേണ്ടിവന്ന നതാഷയെക്കുറിച്ചും ആളുകൾക്ക് ചിന്തിക്കാമായിരുന്നു എന്നും ഞാൻ ആഗ്രഹിച്ചു.”

First published in The Print