Mon. Dec 23rd, 2024
ന്യൂഡൽഹി:

നക്ഷത്ര ഹോട്ടലുകളിൽ കൊവിഡ് വാക്​സിനേഷന്​ സൗകര്യമൊരുക്കരുതെന്ന്​ കേന്ദ്രസർക്കാർ. ഹോട്ടലുകളിൽ വാക്​സിനേഷൻ നൽകുന്നത്​ ചട്ടവിരുദ്ധമാണ്​. സർക്കാർ, സ്വകാര്യ വാക്​സിനേഷൻ കേന്ദ്രങ്ങളിലും ജോലി സ്ഥലങ്ങളിലും മാത്രമേ വാക്​സിൻ നൽകാവു. പ്രായമായവർക്കും വികലാംഗർക്കും വീട്ടിൽ വാക്​സിൻ നൽകാമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു.

വാക്​സിൻ വിതരണവുമായി ബന്ധപ്പെട്ട്​ കേ​ന്ദ്രസർക്കാറിന്‍റെ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന്​ സംസ്ഥാനങ്ങളോട്​ നിർദേശിച്ചു. മാനദണ്ഡങ്ങൾ അനുസരിച്ചാണോ വാക്​സിൻ വിതരണം നടത്തുന്നതെന്ന്​ സംസ്ഥാനങ്ങൾ ഉറപ്പാക്കണം. വാക്​സിൻ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ വ്യക്​തമാക്കി.

ചില സ്വകാര്യ ആശുപത്രികൾ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേർന്ന്​ വാക്​സിൻ പാക്കേജ്​ അവതരിപ്പിച്ചിരുന്നു. നക്ഷത്ര ഹോട്ടലുകളിൽ താമസം, ഭക്ഷണം, വാക്​സിൻ എന്നിവയുൾപ്പെടുന്നതാണ്​ പാക്കേജ്​. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു.

സർക്കാറുകൾക്ക്​ വാക്​സിൻ ക്ഷാമം അനുഭവപ്പെടു​മ്പോൾ സ്വകാര്യ ആശുപത്രികൾക്ക്​ ഇത്​ യഥേഷ്​ടം ലഭിക്കുന്നത്​ എന്തുകൊണ്ടാണെന്ന ചോദ്യവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ രംഗത്തെത്തിയിരുന്നു.

By Divya