Mon. Dec 23rd, 2024
കൊല്ലം:

വിജയം ഉറപ്പിച്ചിരുന്ന ചവറയിൽ അപ്രതീക്ഷതിമായി ഏറ്റ തോൽവിയുടെ നടുക്കത്തിലാണ് ഇപ്പോഴും ആർഎസ്പിയും ഷിബു ബേബി ജോണും. ഇതിന് പിന്നാലെ പാർട്ടിയിൽനിന്ന് അദ്ദേഹം അവധിയും എടുത്തിരുന്നു. യുഡിഎഫ് വിടുമോ എന്ന ചർച്ചയ്ക്ക് ആക്കം കൂട്ടി കോവൂർ കുഞ്ഞുമോൻ എംഎൽഎ ഷിബുവിനെ എൽഡിഎഫിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഈ ക്ഷണത്തിന് ഇപ്പോൾ ഷിബു കൊടുത്ത മറുപടി യുഡിഎഫ് പ്രവർത്തകർ വ്യാപകമായി ഷെയർ ചെയ്യുകയാണ്. ‘ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.’– ഷിബു സമൂഹമാധ്യമത്തിൽ കുറിച്ചു.

പാർട്ടിയിൽനിന്ന് അവധിയെടുത്തതിൽ വിശദീകരണവുമായി ശനിയാഴ്ച അദ്ദേഹം രംഗത്തുവന്നിരുന്നു. അവധിക്ക് അപേക്ഷിച്ചെങ്കിലും  പാര്‍ട്ടി അംഗീകരിച്ചില്ല. വ്യക്തിപരമായ  പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അപേക്ഷിച്ചത്.

രാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കില്ല. മുന്നണി വിടാനുമില്ല. ചവറയിലെ തോല്‍വി രാഷ്ട്രീയകാരണങ്ങളാലല്ല. സാമുദായിക പ്രശ്നങ്ങളുണ്ട്. യുഡിഎഫിൽ തീരുമാനങ്ങള്‍ വൈകുന്നു. കോണ്‍ഗ്രസ് ശൈലി തിരുത്തണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

ആര്‍എസ്പിയുടെ കോട്ടയെന്നവകാശപ്പെടുന്ന ചവറയില്‍ വിപിരാമകൃഷ്ണപിള്ളയെ മലര്‍ത്തിയടിച്ചാണ് 2001ല്‍ ഷിബു ബേബിജോണ്‍ ആദ്യമായി നിയസഭയിലെത്തിയത്. രണ്ടാം മല്‍സരത്തിന് ഇറങ്ങിയപ്പോള്‍ എന്‍കെപ്രേമചന്ദ്രനോട് തോറ്റു. 2011ല്‍ പ്രേമചന്ദ്രനെ വീഴ്ത്തി വീണ്ടും നിയമസഭയിലെത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായി.

2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെ ആര്‍എസ്പി ഇടതുമുന്നണി വിട്ട് യുഡിഎഫിലെത്തി. എന്നാല്‍ ഇരു ആര്‍എസ്പികളും ലയിച്ച നടന്ന രണ്ടു നിയമസഭാതിര‍ഞ്ഞെടുപ്പുകളിലുo ഒരു സീറ്റ് പോലും കിട്ടിയില്ല.

By Divya