പോർട്ടോ:
ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തി ചെൽസി ചാമ്പ്യൻസ് ലീഗ് ജേതാക്കളായി. ചെൽസിയുടെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ആദ്യ പകുതിയിൽ കായ് ഹാവെർട്സാണ് ചെൽസിക്കായി വിജയഗോൾ നേടിയത്.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവിലേക്കുയർന്നാണ് ചെൽസി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളാകാമെന്ന സിറ്റിയുടെ സ്വപ്നങ്ങളാണ് പൊലിഞ്ഞത്. 2012ലാണ് ചെൽസി അവസാനം വൻകരയുടെ രാജാക്കൻമാരായിരുന്നത്.
സൂപ്പർ താരം കെവിൻ ഡിബ്രൂയിന് പരിക്കേറ്റത് സിറ്റിക്ക് കനത്ത തിരിച്ചടിയായി. ക്രിസ്തുമസിൻറെ സമയത്ത് പി എസ്ജിയിൽ നിന്ന് പുറത്താക്കപ്പെട്ട് ചെൽസിയിലെത്തിയ പരിശീലകൻ തോമസ് ടഷലിന് കിരീടം ഇരട്ടി മധുരമായി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ടഷലിൻറെ പിഎസ്ജി ജർമൻ ടീമായ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടിരുന്നു.