കോഴിക്കോട്:
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾ ഹനിക്കപ്പെടുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപ് പ്രശ്നത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡന്‍റിന് ഒരു ലക്ഷം ഇ – മെയിലുകൾ അയക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷദ്വീപിൽ ജനാധിപത്യം സ്ഥാപിക്കുക, ജനവിരുദ്ധ നിയമങ്ങൾ റദ്ദ് ചെയ്യുക, ജനാധിപത്യ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കുക എന്നീ ആവശ്യങ്ങളാണ് സന്ദേശത്തിലൂടെ ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് ഓഫീസിൽ സ്വീകരണം നൽകി.