മലപ്പുറം:
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി നടപടിയെ പിന്തുണച്ച് മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായ പാലൊളി മുഹമ്മദ് കുട്ടി. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം കൊണ്ടുവന്നത് യുഡിഎഫ് സര്‍ക്കാരാണെന്നും മുസ്‌ലീം ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. 80:20 അനുപാതം സാമുദായിക വിഭജനം ഉണ്ടാക്കിയെന്നും പാലൊളി കൂട്ടിച്ചേര്‍ത്തു.
ക്ഷേമപദ്ധതിയിലെ അനുപാതം എല്‍ഡിഎഫ് നിര്‍ദേശമല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നും പാലൊളി പറഞ്ഞു. 80 ശതമാനം മുസ്‌ലീം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.
ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് വിവാദങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കവേയാണ് വിധി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് അനുപാതം നിലവില്‍ വന്നത്. ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണം. ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാന്‍.