Fri. Mar 29th, 2024
പാലക്കാട്:

കൊടകര കുഴൽപ്പണ കേസിലെ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്ന പരാതിയും. തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഹെലികോപ്റ്റർ യാത്രകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഓൾ കേരളാ ആന്‍റി കറപ്ഷൻ ആൻഡ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന അധ്യക്ഷൻ ഐസക് വർഗീസ് ആണ് പരാതി നൽകിയത്.

റോഡിലെ വാഹനപരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാൻ കെ സുരേന്ദ്രൻ ഹെലികോപ്റ്റർ ഉപയോഗിച്ചെന്നാണ് പരാതി. തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കൾ വഴി പണം എത്തിയോ എന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

കർണാടകയിൽ നിന്ന് പണം ചെക്ക്പോസ്റ്റ് വഴി കൊണ്ടുവന്നാൽ ഇടത് സർക്കാറിന്‍റെ പൊലീസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി പ്രതിപക്ഷ എംഎൽഎമാരെയും എംപിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണ് കണ്ടുവന്നിട്ടുള്ളത്. കേരളത്തിൽ അത് ഒരിക്കലും സാധ്യമാകാത്ത സ്ഥിതിക്ക് വോട്ടർമാരെ വിലക്ക് എടുക്കുന്നതിന് വേണ്ടി ബിജെപി പണം ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

By Divya