കവരത്തി:
തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ അധികൃതരെ അറിയിക്കാൻ നിർദ്ദേശം അടക്കമാണ് ഉത്തരവ്. അറിയിപ്പ് ഉണ്ടാകും വരെ ലെവൽ 2 സുരക്ഷ തുടരുമെന്നും ഉത്തരവിൽ പറയുന്നു.
അതേ സമയം ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് മെയ് 31 ന് ബേപ്പൂരിലേയും കൊച്ചിയിലെയും ലക്ഷദ്വീപ് ഓഫീസുകള്‍ക്ക് മുന്നില്‍ പാര്‍ടി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.
എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കാനും സെക്രട്ടേറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. പാര്‍ടി കേന്ദ്രകമ്മിറ്റിയംഗവും എംപിയുമായ എളമരം കരീം, ആലപ്പുഴ എംപി എഎം ആരിഫ്, രാജ്യസഭാംഗം വി ശിവദാസൻ എന്നിവർ നേരിട്ട് ലക്ഷദ്വീപിലെത്തി തദ്ദേശവാസികളിൽ നിന്നും മറ്റും വിശദാംശങ്ങൾ ചോദിച്ചറിയുമെന്ന് സെക്രട്ടേറിയേറ്റ് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.