Wed. Jan 22nd, 2025
റിയാദ്:

സൗദി അറേബ്യയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ രാജകുമാരന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചതായി കണ്‍ട്രോള്‍ ആന്റ് ആന്റികറപ്ഷന്‍ കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പല്‍ – ഗ്രാമകാര്യ മന്ത്രാലയത്തിലെ ഉന്നത ജോലിക്കായാണ് രാജകുമാരന്‍ വ്യാജ രേഖയുണ്ടാക്കിയത്.

സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിലിട്ടറി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിക്കും ഒന്നര വര്‍ഷം തടവും 50,000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. ഇരുവര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച വിദേശിക്ക് ഒരു വര്‍ഷം തടവും 20,000 റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്.

ഇവ ഉള്‍പ്പെടെ അഴിമതി, വ്യാജരേഖ ചമയ്‍ക്കല്‍, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി അഴിമതിക്കേസുകളിലെ പ്രതികള്‍ക്ക് റിയാദ് കോടതി ശിക്ഷ വിധിച്ചു. അധികാര ദുര്‍വിനിയോഗവും വ്യാജരേഖ ചമയ്‍ക്കലും ഉള്‍പ്പെടെയുള്ള കുറ്റത്തിന് ആഭ്യന്തര മന്ത്രാലയത്തിലെ മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് എട്ട് വര്‍ഷം തടവും 1,60,000 റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്. മറ്റ് ഏതാനും ഉന്നത ഉദ്യോഗസ്ഥരും ഒരു വ്യവസായിയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

By Divya