തിരുവനന്തപുരം:
നിയമസഭ തിരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് രമേശ് ഇക്കാര്യങ്ങൾ പറയുന്നത്.
ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ് ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടു വന്നത്. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല.
ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പക്ഷേ ഒരു പരാതിക്കും ഇട കൊടുക്കാതെ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുകയാണ് താൻ ചെയ്തത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിൻ്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തലയുടെ കത്തിൽ പറയുന്നുണ്ട്.