Thu. Dec 19th, 2024
തിരുവനന്തപുരം:

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും നയപ്രഖ്യാപനം.

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന നയപ്രഖ്യാപനത്തിൽ കൂടുതൽ പ്രാധാന്യം ആരോഗ്യ മേഖലയ്ക്ക് തന്നെയായിരിക്കും. ദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും പാർപ്പടം, അതിവേഗ സിവിൽ ലൈൻ പാത, കെ ഫോൺ, സ്മാർട്ട് കിച്ചൺ തുടങ്ങിയ കാര്യങ്ങളും നയപ്രഖ്യാപനത്തിൽ ഉൾപ്പെടും.

ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ ദിവസം സഭയിൽ എത്താതിരുന്ന മന്ത്രി വി അബ്ദുറഹ്മാൻ, നെന്മാറ എംഎൽഎ കെ ബാബു, കോവളം എംഎൽഎ എവിൻസന്റ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇന്ന് കെബാബു, മന്ത്രി വിഅബ്ദുറഹ്മാൻ എന്നിവർ രാവിലെ എട്ടുമണിക്ക് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് ബാധിതനായി വിശ്രമത്തിലുള്ള എംവിൻസന്റ് എംഎൽഎ വരും ദിവസങ്ങളിൽ സഭയിലെത്തും.

ജനക്ഷേമം ഉൾക്കൊള്ളുന്ന പ്രഖ്യാപനങ്ങളാണ് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നത്. വാക്സിൻ നയത്തിലുൾപ്പെടെ കേന്ദ്രസർക്കാരിനെതിരെ വിമർശനത്തിനും സാധ്യതയുണ്ട്.

By Divya