കുവൈത്ത് സിറ്റി:
ശൈഖ് ജാബിർ പാലത്തിലെ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ കേന്ദ്രം ഞായറാഴ്ച മുതൽ പ്രവർത്തിക്കും. 30,000 ചതുരശ്ര മീറ്ററിൽ വിശാലമായ സൗകര്യമാണ് ഒരുക്കിയത്. പ്രതിദിനം 4000 മുതൽ 5000 വരെ പേർക്ക് ഇവിടെ വാക്സിൻ നൽകാൻ കഴിയും.
ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ശൈഖ് ജാബിർ പാലത്തോടനുബന്ധിച്ച് പെട്രോളിയം കമ്പനികളാണ് സജ്ജീകരണങ്ങൾ ഒരുക്കിയത്. നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് പൂർത്തിയാക്കിയത്. ശൈഖ് ജാബിർ പാലത്തിലെ തെക്കൻ ഐലൻഡിലാണ് വാക്സിനേഷന് സൗകര്യമൊരുക്കിയത്.
നിലവിൽ വാഹനത്തിരക്ക് ഇല്ലാത്ത ശൈഖ് ജാബിർ പാലത്തിൽ ഡ്രൈവ് ത്രൂ കുത്തിവെപ്പ് സൗകര്യമൊരുക്കുന്നത് ഗുണകരമാണ്.
ആളുകൾക്ക്ക്ക് കാറിൽനിന്ന് ഇറങ്ങാതെതന്നെ വാക്സിൻ സ്വീകരിക്കാൻ കഴിയുന്ന വിധമാണ് ക്രമീകരണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കാറിന് അടുത്തേക്ക് എത്തും. 20 ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
ഓരോന്നിലും എട്ട് കാറുകൾ ഉൾക്കൊള്ളാനാകും. മൂന്നുമുതൽ നാല് മിനിറ്റിനകം 80 പേരുടെ കുത്തിവെപ്പ് കഴിയും. ഇവിടേക്ക് കുത്തിവെപ്പിനെത്തുവരെ അപ്പോയ്ൻറ്മെൻറ് അടിസ്ഥാനത്തിലാണ് പ്രവേശിപ്പിക്കുക. അതുകൊണ്ടുതന്നെ വലിയ തിരക്കുണ്ടാകില്ല.
പ്രവേശന കവാടത്തിലും പുറത്തുപോകുന്ന വഴിയിലും ഗതാഗതക്കുരുക്ക് ഉണ്ടാക്കാത്ത വിധമാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. വാക്സിനേഷൻ വിപുലപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്.
രാജ്യത്ത് കൊവിഡ് മരണ നിരക്ക് കുറഞ്ഞതിൽ കുത്തിവെപ്പിന് നിർണായക പങ്കുണ്ടെന്നാണ് കൊറോണ കമ്മിറ്റി ഉപദേശക സമിതിയുടെ വിലയിരുത്തൽ.