Wed. Jan 22nd, 2025
ന്യൂഡൽഹി:

ലക്ഷദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴും ഇളക്കമൊന്നുമില്ലാതെ അഡ്​മിനിസ്​ട്രേറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്​തനുമായ പ്രഫുൽ കെ പട്ടേൽ. തനിക്ക്​ ഗൂഢ ഉദ്ദേശ്യങ്ങൾ ഒന്നുമില്ലെന്നും വികസനത്തിന്​ ആക്കം കൂട്ടുന്ന തീരുമാനങ്ങളാണ്​ ത​ന്റേതെന്നും പ​​ട്ടേൽ അവകാശപ്പെട്ടു.

ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാലദ്വീപിനെ പോലെ ലക്ഷദ്വീപിനെ മാറ്റാനാണ്​ ലക്ഷ്യമിടുന്നത്​. ‘ലക്ഷദ്വീപ് ഡെവലപ്മെൻറ് അതോറിറ്റി റെഗുലേഷൻ എന്ന കരട് ദ്വീപി​ന്റെ വികസനത്തിൽ ഏറെ മുന്നേറ്റം ഉണ്ടാക്കും. സാധ്യതകൾ ഉണ്ടായിരുന്നിട്ടും സാമൂഹികവും സാമ്പത്തികവുമായി ദ്വീപ്​ ഇതുവരെ പിന്നിലായിരുന്നു. ഇത്​ മെച്ചപ്പെടുത്താനാണ്​ ശ്രമം’ -പ​ട്ടേൽ ​പറഞ്ഞു.

‘എനിക്ക്​ ഇതിൽ എന്ത്​ ലാഭമാണ്​ ഉള്ളതെന്ന്​ പറഞ്ഞ്​ തരൂ? എ​ന്റെ ചുമതല അവസാനിക്കുന്നത്​ വരെ മാത്രമേ ഞാൻ ഇവിടെയുണ്ടാകൂ. കാലാകാലം എനിക്കിവിടെ തുടരാൻ സാധിക്കില്ല’-പ​ട്ടേൽ പറഞ്ഞു.

‘ദ്വീപുകൾ മാലിദ്വീപുമായി സാമ്യമുള്ളതാണ്, അവ സമാനമായ രീതിയിൽ വികസിപ്പിക്കാനാണ്​ ഞങ്ങളുടെ ഉന്നം. സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കാനും ആഗ്രഹിക്കുന്നു. നിങ്ങൾ മാലദ്വീപിലേക്ക്​ നോക്കൂ. വിനോദസഞ്ചാരികൾ അവിടെ സന്ദർശിക്കാൻ വരി നിൽക്കുകയാണ്​’ -പ​ട്ടേൽ കൂട്ടിച്ചേർത്തു.

By Divya