കോയമ്പത്തൂര്‍:
തമിഴ്നാട്ടിലെ കൊവിഡിന്റെ തലസ്ഥാനമായി കോയമ്പത്തൂര്‍ മാറിയതോടെ കേരളത്തിലും ആശങ്ക. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന വ്യവസായ യൂണിറ്റുകള്‍ കൊവിഡ് ക്ലസ്റ്ററുകളാവുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. അതേസമയം ലോക്ഡൗണില്‍ ഇളവുകള്‍ വരുന്നതോടെ പാലക്കാടു നിന്നുള്ളവര്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു വ്യവസായ നഗരത്തെ ആശ്രയിക്കും. ഇതു രോഗവ്യാപനത്തിന് കാരണായേക്കുമെന്ന ആശങ്കയും ശക്തമാണ്.
2020 മാര്‍ച്ചിനു ശേഷം ഇതാദ്യമായാണു ദൈംദിന കേസുകളില്‍ ചെന്നൈയെ തമിഴ്നാട്ടിലെ മറ്റൊരു നഗരം മറികടക്കുന്നത്. ഇതോടെ തമിഴ്നാട്ടിലെ കൊവിഡ് തലസ്ഥാനമായിമാറി കോയമ്പത്തൂർ. മാസങ്ങളായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ചെന്നൈയിൽ ഇന്നലെ 2779 പോസിറ്റീവ് കേസുകള്‍ മാത്രം. അതേസമയം കോയമ്പത്തൂരിൽ റിപ്പോർട്ട് ചെയ്തത് 4,734 കേസുകള്‍.
തമിഴ്നാടിന്റെ മറ്റുഭാഗങ്ങളില്‍ രോഗവ്യാപനം കുറയുമ്പോഴും കോയമ്പത്തൂരും തിരുപ്പൂരും ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ജില്ലകളില്‍ രോഗികള്‍ വർദ്ധിക്കുകയാണ്. രോഗികളാവുന്നവരില്‍ 70 ശതമാനവും വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികളാണ്.
ഹോം ക്വാറന്റീന്‍ നിബന്ധനങ്ങള്‍ പാലിക്കാത്തതും രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.