Wed. Jan 22nd, 2025
ഗ്ദാൻസ്ക്:

ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടിയപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

കോച്ച് ഒലേ സോൾഷെയറിന് കീഴിൽ സീസണിലെ അവസാന അവസരം കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീട വരൾച്ച അവസാനിപ്പിക്കാനായില്ല. പ്രീമിയർ ലീഗിന് പിന്നാലെ യൂറോപ്പാ ലീഗിലും റണ്ണേഴ്സ് അപ്പ് എന്ന നിലയിൽ യുണൈറ്റഡ് മുട്ടുമുടക്കി. കപ്പിനും യുണൈറ്റഡിനും ഇടയിൽ വീണ്ടും വഴിമുടക്കിയായി ഒരു സ്‌പാനിഷ് ക്ലബ്ബ്.

തന്ത്രങ്ങളുടെ ആശാനായ ആഴ്സണൽ മുൻ കോച്ച് ഉനായ് എംറിയുടെ കീഴിലിറങ്ങിയ വിയ്യാറയല്‍ സ്വന്തമാക്കിയത് ആവേശ ജയം. എംറിക്ക് നാലാം യൂറോപ്പ കിരീടമാണിത്. 29-ാം മിനുറ്റിൽ ലാ ലീഗയിലെ ഗോൾവേട്ടക്കാരിൽ രണ്ടാമനായ ജെറാർഡ് മൊറേനോയിലൂടെ മുന്നിലെത്തിയ വിയ്യാറയൽ പുറത്തെടുത്തത് മികച്ച കളി.

രണ്ടാംപകുതിയിൽ കവാനിയിലൂടെ ഗോൾ മടക്കിയപ്പോൾ യുണൈറ്റഡിന്റെ ആരാധകരും ആവേശത്തിലായി. പിന്നീട് കളിക്കളത്തിൽ കണ്ടത് മികച്ച മുന്നേറ്റങ്ങൾ. നിശ്ചിത സമയത്ത് ഇരു കൂട്ടരും ഒപ്പത്തിനൊപ്പമവസാനിപ്പിച്ചപ്പോൾ ഇഞ്ചുറിടൈമും കടന്ന് കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്. വാശിയേറിയ പോരാട്ടത്തിൽ അവസാന കിക്കെടുത്ത യുണൈറ്റഡ് ഗോളി ഡേവിഡ് ഡീ ഹിയക്ക് പിഴച്ചു.

By Divya