Sat. Jan 18th, 2025
തിരുവനന്തപുരം:

വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ സംവിധാനം നടപ്പാക്കാൻ ധാരണയായത്. വിക്റ്റേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ തുടരും.

ഇതിനു പുറമെ വിദ്യാർത്ഥികളുമായി അതത് അധ്യാപകർ നേരിട്ട് ഓൺലൈൻ വഴി തത്സമയം ക്ലാസുകൾ എടുക്കുന്നതാണ് പരിഗണിക്കുന്നത്. സൂം, ഗൂഗിൾ മീറ്റ് പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ഇത്തരം ക്ലാസുകൾ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. ജൂൺ 1മുതൽ തന്നെ അധ്യയന വർഷം ആരംഭിക്കും.

ആദ്യത്തെ 15ദിവസം കഴിഞ്ഞ ക്ലാസുകളിലെ പാഠഭാഗങ്ങൾ ഓർത്തെടുത്ത് പുതിയ ക്ലാസിലേക്കുള്ള തയ്യാറെടുപ്പ് നടത്തും. ഇതിനു ശേഷം ഈ അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിക്കും. ഓരോ ഡിവിഷനും വേണ്ടി അതത് സ്കൂളുകൾ പ്രത്യേകം ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനെ കുറിച്ചും പരിശോധിക്കും.

ഇതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ ജില്ല, ഉപജില്ലാ തലത്തിലും സ്കൂൾ തലത്തിലും വേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് നിർദേശങ്ങൾ നൽകാൻ സർക്കാർ വിദ്യാഭ്യാസവകുപ്പിനോട്‌ ആവശ്യപ്പെട്ടു. ഇത്തരത്തിൽ സ്കൂൾതല ക്ലാസുകൾ നടത്തുമ്പോൾ വരുന്ന ചിലവുകളും സാങ്കേതിക സഹായങ്ങളും പരിശോധിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി സ്കൂൾ അധ്യാപകരും കുട്ടികളും തമ്മിൽ ഒരുമിച്ചു പഠനം നടത്തുന്നതിന്റെ ആവശ്യകതയാണ് മന്ത്രിസഭായോഗത്തിൽ ഉയർന്നത്.

By Divya