ദോഹ:
ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസ്സയുടെ പുനർനിർമാണ പ്രക്രിയകൾക്ക് ഖത്തർ 500 മില്യൺ ഡോളർ നൽകും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവിനെ തുടർന്നാണ് ഇതെന്ന് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. പലസ്തീനിലെ സഹോദരങ്ങൾക്കുള്ള ഖത്തർ സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഖത്തറിൻറെ സാമ്പത്തികസഹായ വിതരണം തുടരുകയാണ്. ഗാസ്സ മുനമ്പിലെ എല്ലാ ഗവർണറേറ്റുകളിലെയും ആളുകൾക്കാണ് ധനസഹായം നൽകുന്നത്.
തകർക്കപ്പെട്ട വീടുകളുടെ ഉടമസ്ഥർക്കും സഹായം നൽകുന്നുണ്ട്.ഗാസ്സയിലെ അഞ്ചുകേന്ദ്രങ്ങൾ വഴിയാണ് വിതരണം. ഖത്തർ കമ്മിറ്റിയുടെയും ഗാസ്സയിലെ വിവിധ സർക്കാർ വകുപ്പുകളുടെയും മേൽനോട്ടത്തിലാണ് നടപടികൾ.