കണ്ണൂർ:
പാലത്തായി പീഡനക്കേസിൽ അധ്യാപകൻ കുനിയിൽ പദ്മരാജനെതിരെ നിർണായക തെളിവ് ലഭിച്ചതായി പൊലീസ്. സ്കൂളിലെ ശുചിമുറിയിലെ ടൈൽസിൽ നിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച ഫലത്തിലാണ് പൊലീസിന്റെ കണ്ടെത്തൽ.
ശുചിമുറിയിൽ വച്ചാണ് പത്മരാജൻ പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ഡിസംബറിലാണ് സ്കൂളിലെ അധ്യാപകരുടെ ശുചിമുറിയിലെ ടൈൽസ് ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചത്.
2020 മാർച്ചിൽ അധ്യാപകൻ കുനിയിൽ പദ്മരാജൻ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന നിഗമനത്തിന് പിന്നാലെ നേരത്തെ കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയിരുന്നു. കുട്ടിയെ വിദഗ്ദ്ധമായി കൗൺസിലിംഗ് നടത്തിയ ശേഷവും കൃത്യമായ ഒരു കണ്ടെത്തലിലേക്ക് ഈ അന്വേഷണം നീങ്ങിയില്ല.
ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐജി ശ്രീജിത്തിനെതിരെ കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തെ മാറ്റണമെന്ന കോടതി ഉത്തരവ് പ്രകാരമെത്തിയ പുതിയ സംഘം കേസിൽ സാക്ഷിമൊഴികളില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഇതിനിടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പദ്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കേസിൽ ഗൂഡാലോചന ഉണ്ടെന്നാണ് ബിജെപിയും പറയുന്നത്.