Mon. Dec 23rd, 2024
തിരുവനന്തപുരം:

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍റേതെന്നും അദ്ദേഹത്തിനെതിരെ ഉയർന്ന പല വിമർശനങ്ങളും അസ്ഥാനത്താണെന്നും ചെന്നിത്തല പറഞ്ഞു.

സോഷ്യൽ മീഡിയ വഴി ആരെയും ആക്ഷേപിക്കാൻ സാഹചര്യമുള്ളതിനാൽ മുല്ലപ്പള്ളിയുടെ നല്ലവശം ആരും ശ്രദ്ധിച്ചില്ല. വളരെ ശ്രമകരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയതെന്ന് രമേശ് ചെന്നിത്തല  പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തല മുല്ലപ്പള്ളിയെ പിന്തുണച്ച് രംഗത്തെത്തിയത്.

കോൺഗ്രസിന്റെ കർമ്മനിരതനായ നേതാവ് എന്ന നിലയിൽ ആദർശ സുരഭിലമായ ഒരു ജീവിതം നയിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പാർട്ടിയും സമൂഹവും നീതി  കാണിച്ചിട്ടുണ്ടോ എന്ന ചോദ്യം എന്റെ മനസ്സിൽ മുഴങ്ങുന്നു. നീതി നൽകിയില്ല എന്നതാണ് എന്റെ വിശ്വാസം.

അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു- ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

By Divya