Sun. Sep 8th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടരാനാണ് സാധ്യത. മെയ് 30 വരെയാണ് ലോക്ക്ഡൗൺ നിലവിലുള്ളത്.

നിലവിലെ സാഹചര്യത്തിൽ ലോക്ക്ഡൗൺ അവസാനിക്കാറായി എന്ന് പറയാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടിയുണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സർക്കാർ ആദ്യം പ്രാമുഖ്യം നൽകുന്നത് രോഗ വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളിൽ ഇളവ് വരുത്താൻ കഴിയില്ല. എന്നാൽ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഏതെല്ലാം മേഖലകൾ തുറന്നുകൊടുക്കാനാകുമെന്ന് ആലോചിക്കും.

എതായാലും സമതുലനാവസ്ഥയിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. സ്‌കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ സ്‌റ്റേഷനറി സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിതസമയത്തേക്ക് തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Divya