Mon. Dec 23rd, 2024
തിരുവനന്തപുരം:

മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജ രാജ്യത്തിനാകെ മാതൃകയാണ്. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല. ശൈലജ മന്ത്രിയാവില്ലെന്ന് അറിഞ്ഞത് സെക്രട്ടറിയേറ്റ് തീരുമാനത്തിന് ശേഷമായിരുന്നു,’ സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം സിപിഐഎമ്മില്‍ വണ്‍മാന്‍ ഷോ ആണെന്ന പ്രചരണത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയില്‍ വണ്‍മാന്‍ ഷോ ഇല്ലെന്നും ആരുടെയും അധീശത്വം പാര്‍ട്ടിയിലുണ്ടാകില്ലെന്നും യെച്ചൂരി പറഞ്ഞു. ജ്യോതിബസുവിന് പോലും ആധിപത്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം നല്‍കാത്തത് വാര്‍ത്തയായിരുന്നു. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെകെ ശൈലജയെയും ഒഴിവാക്കിയത്.

കഴിഞ്ഞ പിണറായി സര്‍ക്കാറില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെകെ ശൈലജ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആരോഗ്യമന്ത്രി ലോകരാഷ്ട്രങ്ങളുടെ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാരിലും കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കുമെന്ന വിലയിരുത്തലുകള്‍ നേരത്തെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.

By Divya