Mon. Dec 23rd, 2024
ന്യൂഡൽഹി:

കേന്ദ്രത്തിനെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ‘പാക്കിസ്ഥാൻ’ പരാമർശത്തിന് മറുപടിയുമായി ബിജെപി. രാജ്യ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധിയെ നേരിടാൻ വേണ്ടത്ര ശ്രമം നടത്തിയിട്ടില്ലെന്ന കുറ്റത്തിന് കേജ്‌രിവാൾ ക്ഷമ ചോദിക്കണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു.

‘കൊവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിലേക്ക് പാക്കിസ്ഥാനെ വലിച്ചിഴയ്ക്കാൻ കേജ്‌രിവാൾ ശ്രമിച്ചു. ഒരു സംസ്ഥാനത്തിനും സ്വന്തമായി ആയുധങ്ങൾ വികസിപ്പിക്കേണ്ടിവരില്ല. ഖേദകരമായ കാര്യം, പാക്കിസ്ഥാനെതിരെയുള്ള പോരാട്ടത്തിലും സർജിക്കൽ സ്‌ട്രൈക്ക് സമയത്തും രാഷ്ട്രീയം കളിക്കുകയും തെളിവ് ചോദിക്കുകയും ചെയ്തയാളാണ് കേജ്‌രിവാൾ.

കേജ്‌രിവാൾ സ്വന്തം പ്രതിച്ഛായ കൂട്ടാനുള്ള രാഷ്ട്രീയം കളിക്കുകയാണ്. ആരോപണമുന്നയിക്കുന്ന തന്ത്രങ്ങളിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കണം’– സാംബിത് പത്ര പറഞ്ഞു. സംസ്ഥാനങ്ങൾ സ്വന്തം നിലയ്ക്ക് വാക്സീൻ വാങ്ങണമെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത കേജ്‌രിവാൾ, പാക്കിസ്ഥാന്‍ ആക്രമിച്ചാൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ ആയുധം വാങ്ങേണ്ടി വരുമോയെന്ന് ചോദിച്ചിരുന്നു.

By Divya