Mon. Dec 23rd, 2024
കോഴിക്കോട്:

ലോക്ഡൗണിൽ സർക്കാർ ഓഫിസുകൾ അടഞ്ഞു കിടക്കുന്നതിനാൽ പിഎസ്‍സി നിയമനങ്ങൾ അനിശ്ചിതത്വത്തിലായി. കാലാവധി  അവസാനിക്കാൻ  2 മാസം മാത്രം ബാക്കി നിൽക്കെ പല പട്ടികകളിൽ നിന്നും  10 ശതമാനം പോലും നിയമനമുണ്ടായിട്ടില്ല. 2 വർഷമായി തുടരുന്ന കൊവിഡ് വ്യാപനം, പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പ്,  ലോക്ഡൗൺ തുടങ്ങിയവയാണ് ഉദ്യോഗാർത്ഥികൾക്കു തിരിച്ചടിയായത്.

എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്,  ഡ്രൈവർ, സ്റ്റാഫ് നഴ്സ് റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്റ്റ് 3ന് അവസാനിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിയമനങ്ങളാണ് ഈ റാങ്ക് പട്ടികകളിൽ നിന്നു നടന്നതെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

കഴിഞ്ഞ വർഷവും കൊവിഡ് മൂലം ഏറെ നാൾ ഓഫിസുകൾ അടഞ്ഞു കിടന്നിരുന്നു. നിയമനങ്ങൾ വളരെ കുറവാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയതോടെയാണു പട്ടികകളുടെ കാലാവധി 6 മാസം നീട്ടിയത്. സമാന സാഹചര്യമാണ് ഈ വർഷവും.  ഇനിയുള്ള 2 മാസം  നിയമനങ്ങൾ വേഗത്തിലാക്കണം. അതല്ലെങ്കിൽ വീണ്ടും കാലാവധി നീട്ടി നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.

ഓരോ സർക്കാർ ഓഫിസിലും ഉണ്ടാകുന്ന ഒഴിവുകൾ അതതു സ്ഥാപന മേധാവികൾ പിഎസ്‍സിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണു ചട്ടം. എന്നാൽ ലോക്ഡൗണിൽ അവശ്യ സർവീസുകൾ ഒഴികെയുള്ള സർക്കാർ ഓഫിസുകൾ അടഞ്ഞു കിടന്നതോടെ മിക്ക ഒഴിവുകളും റിപ്പോർട്ട് ചെയ്യാനായില്ല. ഒഴിവുകൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യാമെന്നു  സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

20 ലക്ഷത്തോളം ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷയായ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ തസ്തികകളിലേക്കു നിലവിൽ മറ്റൊരു റാങ്ക് പട്ടിക നിലവിലില്ല. പുതിയ പട്ടികയ്ക്കു വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷകൾ പോലും പൂർത്തിയായിട്ടില്ല. 

അതിനാൽ നിലവിലെ പട്ടികയുടെ കാലാവധി നീട്ടുന്നത് ഇനി വരാനിരിക്കുന്നവർക്കു തടസ്സമുണ്ടാക്കില്ലെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. റാങ്ക് പട്ടികകൾ നിലവിലില്ലാത്ത സമയത്തു താൽക്കാലിക, പിൻവാതിൽ നിയമനങ്ങൾ നടക്കുമെന്ന ആശങ്കയും ഉദ്യോഗാർത്ഥികൾക്കുണ്ട്.

By Divya