Wed. Jan 22nd, 2025
ഒഡീഷ:

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ‘യാസ്’ കരയിലേക്ക്. പ്രവചിച്ചിരുന്നതിലും നേരത്തെ ഒഡീഷയിലെ ദംറ തുറമുഖത്തിന് സമീപമായാണ് കരപ്രവേശനം. നിലവിൽ ഒഡീഷ തീരത്ത് നിന്ന് 40 കിലോമീറ്റർ മാത്രം അകലെയാണ് യാസ്.

ഉച്ചയ്ക്ക് മുമ്പായി കരതൊടുമെന്നാണ് കണക്കുകൂട്ടൽ. ചുഴലിയുടെ വരവറിയിച്ചു ഒഡീഷ, പശ്ചിമ ബംഗാള്‍ അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടങ്ങി. ഒഡീഷയില്‍ മാത്രം രണ്ടര ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

പതിവില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ചൂടില്‍ നിന്ന് മണ്‍സൂണ്‍ തണുപ്പിലേക്കു കടലും ആകാശവും കടക്കുന്ന 48 മണിക്കൂറിലാണു യാസ് വരുന്നത്. അന്തരീക്ഷത്തില്‍ ഓരോ മണിക്കൂറിലും ദ്രുതമാറ്റങ്ങളാണുണ്ടാകുന്നത്. ഇതിനനുസരിച്ചു ചുഴലിക്കാറ്റിന്റെ വേഗതയും ശക്തിയും സഞ്ചാര ദിശയിലുമെല്ലാം മാറുകയാണ്.

നേരത്തെ ഒഡീഷയിലെ ബലാസോറിന് തെക്കായിട്ടാണ് കരപ്രവേശനമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ഒടുവിലെ മുന്നറിയിപ്പു ദംറ തുറമുഖത്തിന് സമീപം  ഉഗ്രശക്തിയോടെ തീരം തൊടുമെന്നാണ്.

മണിക്കൂറില്‍ 160 മുതല്‍ 185 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. കരയിലെത്തി ബീഹാറും കടന്നു റാഞ്ചി ഭാഗത്തേക്കു നീങ്ങുന്ന ചുഴലിയുടെ ശക്തി പതിയെ കുറഞ്ഞു ന്യൂനമര്‍ദ്ദമായി മാറും. കരതൊടുന്നതോടൊപ്പം കനത്ത പേമാരിയും ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം മുന്നറിപ്പ് നല്‍കി.

By Divya