Mon. Dec 23rd, 2024
തിരുവനന്തപുരം:

യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും. തെക്കൻജില്ലകളിൽ കനത്ത മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസർകോട് ഒഴികെയുളള ജില്ലകളിലാണ് ജാഗ്രതാനിർദ്ദേശം.

കാലവർഷം കേരളത്തോട് കൂടുതൽ അടുത്തതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ജൂൺ ഒന്നിന് മുൻപുതന്നെ കാലവർഷം കേരളത്തിൽ എത്തിയേക്കും. ഇത്തവണ മികച്ച മഴ തന്നെ ലഭിക്കുമെന്നാണ് പ്രവചനം.

ജല നിരക്ക് ഉയർന്നതോടെ മൂഴിയാർ, മണിയാർ, കല്ലാർകുട്ടി, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 30 സെന്റി മീറ്റർ ഉയർത്തി.

മണിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ 50 സെന്റിമീറ്റർ ഉയർത്തി. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കന്നമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാർകുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു.

മുതിരപ്പുഴയാർ, പെരിയാർ തീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

By Divya