Mon. Dec 23rd, 2024
ദുബൈ:

കൊവിഡ് പ്രതിസന്ധി കാരണം ശമ്പളമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ ജൂണ്‍ മുതല്‍ തിരിച്ചുവിളിച്ച് വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ. ചൊവ്വാഴ്‍ച അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ അഭിമുഖത്തില്‍ സംസാരിക്കവെ ഫ്ലൈ ദുബൈ സിഇഔ ഗൈത് അല്‍ ഗൈതാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് മഹാമാരി കാരണം ജീവനക്കാരെ ഒഴിവാക്കുകയെന്നതായിരുന്നു കമ്പനിക്ക് കൈക്കൊള്ളേണ്ടിവന്ന ഏറ്റവും കഠിനമായ തീരുമാനമെന്ന് സിഇഒ പറഞ്ഞു. ഒന്നുകില്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കുക എല്ലെങ്കില്‍ ജോലി രാജവെയ്‍ക്കുക എന്ന രണ്ട് വഴികളാണ് മഹാമാരിയുടെ തുടക്കത്തില്‍ തന്നെ ജീവനക്കാര്‍ക്ക് നല്‍കിയത്.

എന്നാല്‍ 97 ശതമാനം പേരും അവധിയില്‍ പോകാനായിരുന്നു തീരുമാനിച്ചത്. കമ്പനിയില്‍ തന്നെ തുടരാന്‍ അവര്‍ താത്പര്യം കാണിച്ചതുകൊണ്ട് അവരോടൊപ്പെ തുടരാനാണ് കമ്പനിക്കും താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ മുതല്‍ നിശ്ചയിച്ചിരുന്ന ഷെഡ്യൂള്‍ പ്രകാരം ജോലിയില്‍ പ്രവേശിച്ച് തുടങ്ങാന്‍ കഴിഞ്ഞയാഴ്‍ച ജീവനക്കാര്‍ക്ക് സന്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാരെ തിരികെ കൊണ്ടുവരാന്‍ കഴിയുന്നത് സന്തേഷകരമാണ്. യുഎഇയിലും മറ്റ് ചില പ്രധാന വിപണികളിലും നടക്കുന്ന കൂട്ട വാക്സിനേഷന്‍ പദ്ധതികള്‍ വ്യോമ ഗതാഗത മേഖലയിലും പുത്തന്‍ ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Divya