മസ്കറ്റ്:
ലോകാരോഗ്യ അസംബ്ലിയുടെ 74ാം സെഷനിൽ ഒമാൻ ആരോഗ്യ മന്ത്രാലയം പങ്കാളികളായി. ഓൺലൈനിൽ നടന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് മുഹമ്മദ് അൽ സഈദിയുടെ നേതൃത്വത്തിലെ പ്രതിനിധിസംഘമാണ് പങ്കെടുത്തത്. യുഎന്നിലെ ഒമാൻ സ്ഥിരം പ്രതിനിധി ഇദ്രീസ് ബിൻ അബ്ദുറഹ്മാൻ അൽ ഖഞ്ചാരിയും പങ്കെടുക്കുന്നുണ്ട്.
യോഗത്തിൽ ഒമാനിനെ പ്രതിനിധാനം ചെയ്ത് സംസാരിച്ച ആരോഗ്യ മന്ത്രി കൊവിഡ് മഹാമാരി അവസാനിപ്പിക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കണമെന്ന് ആവശ്യപ്പെട്ടു. കൊവിഡ് ഇപ്പോഴും നിരവധി ജീവൻ കവരുന്ന സാഹചര്യത്തിൽ കൂടുതൽ സജീവമായി പ്രതിരോധം മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായി ചേർന്ന് കൊവിഡിനെ തുരത്തുന്നതിൽ പങ്കുവഹിക്കുമെന്ന ഒമാനിൻ്റെ നിലപാട് അദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ തീരുമാനാധികാരമുള്ള കൂട്ടായ്മയാണ് ലോകാരോഗ്യ അസംബ്ലി. സംഘടനയുടെ നയം തീരുമാനിക്കുന്നതും ഭരണപരവും സാമ്പത്തികവുമായ സംഘാടനം നിയന്ത്രിക്കുന്നതും അസംബ്ലിയാണ്.