പാട്യാല:
ഓരോ പഞ്ചാബിയും നിർബന്ധമായും കർഷകരെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്ജോത് സിങ് സിധു. ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് നാളെ ആറുമാസം തികയുന്ന സാഹചര്യത്തിലാണ് സിധുവിന്‍റെ അഭ്യർത്ഥന.
കർഷക സമരത്തോടുള്ള ഐക്യദാർഢ്യത്തിന്‍റെ ഭാഗമായും കരിനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും പാട്യാലയിലെ തന്‍റെ വീടിനുമുകളിൽ സിധു കറുത്ത കൊടി ഉയർത്തി. ‘കഴിഞ്ഞ മൂന്നു ദശകങ്ങളായി വരുമാനം കുറയുകയും കടം പെരുകുകയും ചെയ്യുന്നതിനാൽ രാജ്യത്തെ കർഷകർ വിഷമവൃത്തത്തിലാണ്. പുതിയ മൂന്നു നിയമങ്ങൾ അവരുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും’ -കരിങ്കൊടി ഉയർത്തിയതിനു പിന്നാലെ സിധു പറഞ്ഞു. ഭാര്യയും മുൻ എംഎൽഎയുമായ നവ്ജോത് കൗറും സിധുവിനൊപ്പമുണ്ടായിരുന്നു.
‘കർഷകർക്കെതിരായ കരിനിയമങ്ങളെ ഞാൻ എതിർക്കുന്നു. എന്‍റെ കർഷക സഹോദരങ്ങൾക്കൊപ്പം ശക്തമായി നിലയുറപ്പിക്കുന്നു. ഈ കരിങ്കൊടി ഉയർത്തുന്നത് പ്രതിഷേധ സൂചകമായാണ്. ഓരോ പഞ്ചാബിയും നിർബന്ധമായും കർഷകരെ പിന്തുണക്കണം.’ – സിധു ട്വീറ്റ് ചെയ്തു.