Mon. Dec 23rd, 2024
തിരുവനന്തപുരം:

ലക്ഷദ്വീപുകാരെ വെല്ലുവിളിക്കുന്ന സമീപനം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിലൂടെ മറ്റൊരു കശ്മീർ സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

കോൺഗ്രസ് ഇത് അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പറഞ്ഞ അദ്ദേഹം അഡ്മിനിസ്ട്രേറ്ററെ ഉടൻ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പുറമെ ട്വിറ്റർ ഓഫീസിൽ നടന്ന റെയ്ഡിനെയും അദ്ദേഹം വിമർശിച്ചു. സത്യം പുറത്തുവരുന്നതിൽ കേന്ദ്രസർക്കാരിന് ഭീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലക്ഷദ്വീപിലെ സംഭവങ്ങൾ ആശങ്ക ഉണ്ടാക്കുന്നുവെന്ന് മുസ്ലിം ലീഗ് എംഎൽഎമാരായ പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ലക്ഷദ്വീപിലെ കാര്യങ്ങൾ സ്ഫോടനാത്മകമായി കൊണ്ടുപോകാനാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി കുറ്റപ്പെടുത്തി. കോടതിയുടെ പ്രവർത്തനത്തിൽ പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിയിലാണ് അഡ്മിനിസ്ട്രേറ്റർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

By Divya