ക്രൈസ്റ്റ് ചര്‍ച്ച്:
ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന്‍ തിരിച്ചുനല്‍കിയെന്ന് ഇതിഹാസ ന്യൂസിലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക അസാധ്യമെന്നും മുന്‍താരം.
‘ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യ ഏറെ വരുമാനമുണ്ടാക്കുന്നു എന്നതില്‍ സംശയമില്ല. ഇന്ത്യയില്ലാത്ത ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക വളരെ പ്രയാസമാണ്. എല്ലാ ഫോര്‍മാറ്റുകളിലേയും പോലെ ടെസ്റ്റ് ക്രിക്കറ്റിലും വിസ്‌മയകരമായ സംഭാവനകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്.
36 റണ്‍സിന് പുറത്തായത് ഒഴിച്ചുനിര്‍ത്തിയാല്‍ ഓസ്‌ട്രേലിയയിലെ പ്രകടനം അവിസ്‌മരണീയമാണ്. ഇന്ത്യ ശക്തമായി തിരിച്ചെത്തിയപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് ജീവന്‍ വീണ്ടെടുത്തു. ഏറെ യുവതാരങ്ങള്‍ ടീമിന്‍റെ ഭാഗമാവുകയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നു. എല്ലാ ഫോര്‍മാറ്റിലും താരനിബിഢമായ ഇന്ത്യന്‍ ടീമിനെ ഇത് കാട്ടുന്നു.
ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് ഇതിനായി യുകെയിലേക്ക് തിരിക്കും. നിലവില്‍ മുംബൈയില്‍ ക്വാറന്‍റീനിലാണ് ടീം ഇന്ത്യ.
കോലിപ്പടയ്‌ക്കെതിരെ ഫൈനലിന് ഇറങ്ങും മുൻപ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചാണ് കെയ്‌ന്‍ വില്യംസണും സംഘവും തയ്യാറെടുപ്പുകള്‍ നടത്തുക.