Fri. Jan 17th, 2025
തിരുവനന്തപുരം:

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണി രാജൻ പി ദേവ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് നടപടി.

മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

ഭര്‍ത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്. പ്രിയങ്കയ്ക്ക് മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങളടക്കം കുടുംബം പൊലീസിന് കെ മാറിയിരുന്നു.

ആത്മഹത്യയ്ക്ക് കാരണം മാനസിക – ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മയടക്കമുള്ള ബന്ധുക്കളും ഉണ്ണിക്കെതിരെ പൊലീസിനെതിരെ മൊഴി നൽകി.

പ്രാഥമിക തെളിവ് ശേഖരത്തിന് പിന്നാലെയാണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത ഉണ്ണിയെ തിരുവനന്തപുരത്തെത്തിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുന്നത്.

നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഉണ്ണിയെ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

By Divya