തിരുവനന്തപുരം:
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം. ഭരണത്തുടർച്ചയുടെ ചരിത്രമെഴുതി സർക്കാരിനെ പിണറായി വിജയൻ തുടർന്നും നയിക്കുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു പുതുനായകനായി വിഡിസതീശൻ എത്തുന്നതും ഈ സഭയുടെ സവിശേഷത. കഴിഞ്ഞ സഭയിൽ ആദ്യമായി ഏക അംഗത്തെ ലഭിച്ച ബിജെപിക്ക് ഇത്തവണ വീണ്ടും പ്രാതിനിധ്യമില്ലാതായി.
മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലും വീര്യത്തിലുമാകും ഭരണപക്ഷം. മുൻ സഭയെക്കാൾ എണ്ണം കൊണ്ടു ദുർബലമാണു പ്രതിപക്ഷം. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രോടെം സ്പീക്കർ പിടിഎറഹീം മുൻപാകെ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
9 മണിക്കാണു ചടങ്ങ് തുടങ്ങുക. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരിൽ 17 പേരാണ് ആദ്യവട്ടം സഭയിലെത്തുന്നത്.
പാർട്ടികളുടെ പ്രാതിനിധ്യത്തിൽ രാജ്യത്തെ ഏറ്റവും വൈവിധ്യമുള്ള നിയമസഭയാണ് കേരളത്തിലേത്. ഇരുപക്ഷത്തുമായി ആകെ 18 പാർട്ടികൾ. മഹാരാഷ്ട്ര (14 പാർട്ടികൾ), ബിഹാർ (10), തമിഴ്നാട്, അസം, മേഘാലയ (8 വീതം), ഉത്തർപ്രദേശ്, ജാർഖണ്ഡ് (7 വീതം) എന്നിവയാണ് തുടർന്നുള്ള 4 സ്ഥാനങ്ങളിൽ.
സിപിഎമ്മിലെ എംബിരാജേഷ് പുതിയ സ്പീക്കറാകും. നാളെയാണു സ്പീക്കർ തിരഞ്ഞെടുപ്പ്. 10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും നിയമസഭയിൽ ആദ്യമായെത്തുകയാണ് രാജേഷ്. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ രാജേഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
നിയമസഭയിലെത്തുമ്പോൾ തന്നെ ഒരാൾ സ്പീക്കറാകുന്നത് ആദ്യമാണ്. സഭയിലെ ആദ്യ അവസരത്തിൽ സ്പീക്കറായ മറ്റു രണ്ടുപേർ കൂടിയുണ്ട് ടിഎസ്ജോണും എസിജോസും. ഇരുവരും എംഎൽഎ എന്ന നിലയിലെ ആദ്യ ടേമിന്റെ അവസാന കാലത്താണ് സ്പീക്കറായത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സഭാ സമ്മേളനം. അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ. സഭാതലം ഉൾപ്പെടെ അണുമുക്തമാക്കി. കൊവിഡ് പരിശോധനയ്ക്കു ശേഷമാകും അംഗങ്ങളെ പ്രവേശിപ്പിക്കുക.
രാവിലെ 7ന് ആന്റിജൻ പരിശോധന ആരംഭിക്കും. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് പരിശോധന വേണ്ട.