Mon. Dec 23rd, 2024
ന്യൂഡൽഹി:

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ഇന്ന് യാസ് ചുഴലിക്കാറ്റായി മാറും. അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നതോടെ വടക്കുപടിഞ്ഞാറ് ദിശയിലാകും സഞ്ചരിക്കുക. ബുധനാഴ്ച വൈകിട്ടോടെ പശ്ചിമ ബംഗാളിനും ഒഡിഷയിലെ വടക്കൻ തീരത്തിനുമിടയിലെ കരയിലേക്ക് യാസ് പ്രവേശിക്കും.

ഒഡിഷയിലും പശ്ചിമ ബംഗാളിലുമായിരിക്കും ചുഴലിക്കാറ്റിന്റെ ആഘാതം കൂടുതലായുണ്ടാകുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ആന്റമാൻ നിക്കോബാർ ദ്വീപുകളിലും വ്യാപകമായ മഴയുണ്ടാകും. യാസിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ ആദ്യ ഘട്ട ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. പാരാദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ 185 കിലോമീറ്റർ വേഗതയിൽ യാസ് കരതൊടുമെന്നാണ് പ്രവചനം.

നിലവിൽ ഒഡിഷയിലെ ബലോസറിൽ നിന്ന് 700 കി.മി അകലെയാണ് ന്യൂനമർദമുള്ളത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് ദുരന്ത നിവാരണ സേനയുടെ 75 സംഘങ്ങളെ നിയോഗിച്ചു.

നാവിക സേനയുട നാല് കപ്പലുകൾ രക്ഷാപ്രവർത്തനത്തിന് തയാറായി നിൽക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കിഴക്കൻ തീരങ്ങളായ ആന്ധ്രപ്രദേശ്, ഒഡിഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടാകും. കേരളാ തീരങ്ങളിലും മഴയുണ്ടാകും.

By Divya