Mon. Dec 23rd, 2024
ദുബൈ:

ബഹ്റൈനിലേക്കുള്ള പ്രവേശനം ഇന്നലെ മുതൽ റസിഡന്‍സ് വിസകാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയതോടെ ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ, സൗദി വിസക്കാരുടെ യാത്ര കൂടുതല്‍ പ്രതിസന്ധിയിലായി. അതേസമയം സൗദിയിലേക്കുള്ള പ്രവേശനത്തിന് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇപ്പോള്‍ ബഹ്റൈനില്‍ ക്വാറന്റീനിലുള്ള നൂറുകണക്കിന് മലയാളികളും ആശങ്കയിലാണ്.

ഇന്ത്യയിൽ കുടുങ്ങിയ സൗദി, യുഎഇ വീസക്കാർക്ക് ബഹ്റൈനിലെത്തിയ ശേഷം റോഡ് മാർഗം അതിർത്തി കടക്കാനുള്ള വഴിയാണ് പുതിയ നടപടിയോടെ അടഞ്ഞത്. നിലവില്‍ ബഹ്റൈനിലുള്ളവര്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കാന്‍ സൗദി അറേബ്യ അംഗീകരിച്ച ഫൈസര്‍, ആസ്‍ട്രസെനിക, മൊഡേണ എന്നിവയുടെ രണ്ട് ഡോസും സിംഗിള്‍ ഡോസ് വാക്സിനായ ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒരു ഡോസും സ്വീകരിച്ചിരിക്കണം.

ആദ്യ ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്കും സൗദിയില്‍ പ്രവേശിക്കാം. ഇന്ത്യയില്‍ നിന്ന് പോയ ഭൂരിഭാഗം പേരും വാക്സിനെടുത്തവരല്ല. വിമാനത്തില്‍ സൗദിയിലേക്ക് പ്രവേശിക്കാമെങ്കിലും ഹോട്ടല്‍ ക്വാറന്റീനുള്ള ചെലവ് കൂടി വഹിക്കേണ്ടി വരും.

ബഹ്റൈനില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും വന്‍ വര്‍ദ്ധനവാണുണ്ടായത്.

By Divya