Wed. Jan 22nd, 2025
തിരുവനന്തപുരം:

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ കണക്കാക്കുന്ന സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ബുധനാഴ്ച വരെ കനത്ത മഴ തുടരും. ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്. ബുധനാഴ്ച വൈകിട്ടു ചുഴലിക്കാറ്റ് ബംഗാളിനും ഒഡീഷയുടെ വടക്കൻ തീരത്തിനുമിടയിലൂടെ കരയിൽ പ്രവേശിക്കാനാണു സാധ്യത. ഒമാനാണ് ചുഴലിക്കാറ്റിന് ‘യാസ്’ എന്ന പേരു നിർദേശിച്ചത്. പേർഷ്യനിൽ മുല്ലപ്പൂ എന്നാണ് അർഥം.

കേരള തീരത്തു മത്സ്യബന്ധനത്തിനു തടസ്സമില്ല. എന്നാൽ നാളെ വരെ തെക്കുകിഴക്കൻ-മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ-നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ഈ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താനും നിർദേശിച്ചു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ‘യാസി’ന്റെ വരവ് കേരളത്തിലെ കാലവർഷം നേരത്തേയാക്കുമെന്നു കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 31ന് എത്തുമെന്നായിരുന്നു ആദ്യ പ്രവചനം.

By Divya