ന്യൂഡൽഹി:
ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി അധ്യക്ഷന്‍ ഡോ ഗുലേറിയ അറിയിച്ചു.
ബ്ലാക്ക് ഫംഗസിന്റെ വ്യാപനം നടക്കുമ്പോഴും പല കോണുകളില്‍ നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ധ ആരോഗ്യസമിതിയുടെ വിലയിരുത്തല്‍.
കൊവിഡ് ചികിത്സിച്ച് ഭേദമായവരില്‍ കാണുന്ന വിട്ടുമാറാത്ത തലവേദനയും മുഖത്തിന്റെ ഒരു ഭാഗത്ത് കാണുന്ന വീക്കവും ബ്ലാക്ക് ഫംഗസിന്റെ രോഗലക്ഷണങ്ങളെന്ന് അധ്യക്ഷന്‍ അറിയിച്ചു. നിസാരമെന്ന് കരുതുന്ന പലതും ആണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണമെന്നും ഡോ ഗുലേറിയ നിര്‍ദേശിച്ചു.
വായ്ക്കുള്ളില്‍ നിറം മാറ്റമോ, മുഖത്ത് എവിടെയെങ്കിലും സ്പര്‍ശന ശേഷി കുറയുന്നതായോ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം. മൂക്കടഞ്ഞാലും ശക്തമായി പുറത്തേക്ക് ചീറ്റാന്‍ തോന്നിയാലും ആദ്യ ലക്ഷണങ്ങളായി കാണണം. അതുപോലെ പല്ലുകള്‍ ഇളകുന്നതായി തോന്നിയാലും ഉടനെ ഡോക്ടറെ കാണണമെന്നും ഡോ ഗുലേറിയ നിര്‍ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി ബുധനാഴ്ച വീണ്ടും സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യോഗം ചേരുന്നുണ്ട്. അതിനിടെ വാക്‌സിനേഷന്‍ നടപടികളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വീടുകള്‍ തോറും വാക്‌സിനേഷന്‍ എന്ന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സാങ്കേതികവും ശാസ്ത്രീയവുമായ കാരണങ്ങളാല്‍ ഇതിന് സാധിക്കില്ലെന്ന് പി കെ മിശ്രയുടെ നേത്യത്വത്തിലുള്ള സമിതി വിലയിരുത്തി. രാജ്യത്ത് ഇതുവരെ 19 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.