Wed. Nov 6th, 2024
മലപ്പുറം:

ട്രിപ്പിള്‍ ലോക്ഡൌണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്കും പാൽ പത്രം എന്നിവയുടെ വിതരണത്തിനും മാത്രമാണ് അനുമതി. പെട്രോൾ പമ്പുകൾക്കും അനുമതിയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്താണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത്.

മലപ്പുറം ജില്ലയിൽ രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൌണ്‍ തുടരാന്‍ തീരുമാനിച്ചത്. ട്രിപ്പിള്‍ ലോക്ഡൌൺ നിയന്ത്രണങ്ങള്‍ക്ക് പുറമേയാണ് ഇന്ന് ഒരു ദിവസം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ട്രിപ്പിള്‍ ലോക്ഡൌണിലും പ്രവര്‍ത്തിക്കാനനുമതിയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കും നാളെ പ്രവര്‍ത്തിക്കാനാവില്ല. അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ക്ക് മാത്രമാണ് നാളെ ജില്ലയില്‍ പ്രവര്‍ത്തനാനുമതി.

നിയന്ത്രണങ്ങള്‍ കർശനമായി നടപ്പാക്കാൻ ഉത്തരമേഖലാ ഐ ജി അശോക് യാദവ് ജില്ലയിൽ ക്യാംപ് ചെയ്യുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പൊലീസ് പരിശോധന. വരും ദിവസങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ മാത്രമേ ട്രിപ്പിൾ ലോക്കിൽ നിന്ന് മലപ്പുറത്തിന് മോചനമുണ്ടാകൂ.

അതേസമയം മലപ്പുറം ജില്ലയില്‍ സ്ഥിതി ഗുരുതരമാണെന്നും ജില്ലയിലെ കൊവിഡ് പ്രതിരോധത്തിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
3932 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് .

29.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ താഴെയായി എന്നതാണ് നേരിയ ആശ്വാസം. 4555 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 47531 പേരാണ് നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്.

By Divya