കിൻഷാസ:
കോംഗോയിലെ പ്രധാന നഗരമായ ഗോമക്കു സമീപം അഗ്നിപർവതം പൊട്ടിത്തെറിച്ചു. ലോകത്ത് ഇപ്പോഴും സജീവമായ വലിയ അഗ്നിപർവതങ്ങളിലൊന്നാണ് നയിരഗോംഗോ.
ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച പൊട്ടിത്തെറിയെ തുടർന്ന് ആയിരക്കണക്കിന് നാട്ടുകാർ ഇതിനകം അതിർത്തി കടന്നതായി അയൽ രാജ്യമായ റുവാൻഡ അറിയിച്ചു. ഇവരെ സ്കൂളുകളിലും ആരാധനാലയങ്ങളിലും പാർപ്പിച്ചുവരികയാണ്.
നിറഗോംഗോ അഗ്നിപർവതത്തിൽനിന്ന് ഗോമ പട്ടണത്തിലേക്ക് ശക്തമായ ലാവ പ്രവാഹം തുടരുന്നത് ആശങ്കയോടെയാണ് രാജ്യം കാണുന്നത്. അടിയന്തര സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ജീൻ മൈക്കൽ ലുക്കോൻഡെ തലസ്ഥാനത്ത് യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
വിമാനത്താവളത്തിൽ ലാവ എത്തിയതായി അധികൃതർ അറിയിച്ചു. 2002ലേതിനു സമാനമായ സാഹചര്യമുണ്ടായതാണ് ആശങ്ക ഇരട്ടിയാക്കുന്നത്. 20 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽനിന്ന് 10 കിലോമീറ്റർ മാറിയുള്ള നയിരഗോംഗോ അഗ്നിപർവതം 2002ൽ പൊട്ടിത്തെറിച്ച് 250 ഓളം പേർ മരിച്ചിരുന്നു.
125,000 പേർ ഭവന രഹിതരാകുകയും ചെയ്തു. ഇത്തവണ നഗര മധ്യത്തിലേക്ക് പ്രവേശിച്ചാൽ കനത്ത നാശനഷ്ടം സംഭവിക്കുമെന്നാണ് മുന്നറിയിപ്പ്.