തിരുവനന്തപുരം:
മന്ത്രിമാരുടെ ഓഫിസുകളിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ സിപിഎം. പ്രൈവറ്റ് സെക്രട്ടറിമാരായി പാർട്ടി നോമിനിമാരെത്തന്നെ നിയമിക്കും. സർക്കാർ സർവീസിൽ നിന്നു ഡപ്യൂട്ടേഷനിൽ എത്തുന്നവരുടെ പ്രായപരിധി പരമാവധി 51 ആയിരിക്കും.
പഴ്സനൽ സ്റ്റാഫിൽ പരമാവധി 25 പേരായിരിക്കും. പകുതി സർവീസിൽ ഉള്ളവരും ബാക്കി പാർട്ടി നോമിനികളും. നിലവിലെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളിൽ അനിവാര്യരായവരെ മാത്രം തുടരാൻ അനുവദിക്കും.
പാർട്ടി ആസ്ഥാനത്തു പ്രവർത്തിക്കുന്നവർക്കു മാനദണ്ഡങ്ങളിൽ ഇളവുണ്ട്. മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സെക്രട്ടറിയായി എകെജി സെന്ററിലെ ഓഫിസ് സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെസജീവനെ നിയമിക്കാൻ തീരുമാനിച്ചു.
മന്തി എംവിഗോവിന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡോവിപിപി മുസ്തഫയെ പരിഗണിക്കുന്നുണ്ട്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെരുമാറ്റച്ചട്ടം സംബന്ധിച്ചു നിലവിലുള്ള നിർദേശങ്ങൾ തുടരും. ഓഫിസിൽ എത്തുന്നവരോടു ജാഗ്രതയോടെ പെരുമാറാൻ മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും നിർദേശം നൽകും.
സ്ഥിരം സന്ദർശകരെ ശ്രദ്ധിക്കും. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുൻപ് പാർട്ടിയുടെയും പൊലീസിന്റെയും അനുവാദം മന്ത്രിമാർ ഉറപ്പാക്കണം.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ജാഗ്രത. ഭരണത്തുടർച്ച ആയതിനാൽ ബോർഡുകളുടെയും കോർപറേഷനുകളുടെയും തലപ്പത്തു മൂന്ന് വർഷ കാലാവധി പൂർത്തിയാക്കാൻ ഉള്ളവർ കാലാവധി തീരുന്നതു വരെ തുടരും.