Sat. Apr 20th, 2024
ന്യൂഡൽഹി: ​

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്​. കേന്ദ്രസർക്കാറി​ൻറെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന 350 കർഷകർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​.

കൊവിഡ്​ ആശുപത്രി ഉദ്​ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയും സർക്കാർ ഉദ്യോഗസ്​ഥരെയും ഉപരോധിച്ചതിനെതിരെയാണ്​​ കേസ്​. അർബൻ എസ്​റ്റേറ്റ്​ പൊലീസ്​ സ്​റ്റേഷൻ ചാർജിലുണ്ടായിരുന്ന ഇൻസ്​പെക്​ടർ വിരേന്ദ്ര കുമാറി​ൻറെ പരാതിയിലാണ്​ നടപടി.

കലാപം, മാരക ആയുധം കൈവശം സൂക്ഷിക്കൽ, സർക്കാർ ഉദ്യോഗസ്​ഥരുടെ ജോലി തടസ​പ്പെടുത്തൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. കർഷകരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച്​ വനിത പൊലീസുകാർ ഉൾപ്പെടെ 20 പേർക്ക്​ പരിക്കേറ്റതായി പൊലീസ്​ പറഞ്ഞു.

മേയ്​ 16നാണ്​ കേസിന്​ ആസ്​പദമായ സംഭവം. ഹിസാറിൽ കൊവിഡ്​ ആശുപത്രി ഉദ്​ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ പ്രക്ഷോഭം തുടരുന്ന കർഷകർ ഉപരോധിക്കുകയായിരുന്നു. തുടർന്ന്​ കർഷകരെ പിരിച്ചുവിടാൻ പൊലീസ്​ കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തുകയായിരുന്നു. പൊലീസ്​ ലാത്തിച്ചാർജിൽ നിരവധി കർഷകർക്ക്​ പരിക്കേറ്റിരുന്നു.

By Divya