ന്യൂഡൽഹി:
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ഉപരോധിച്ച കർഷകർക്കെതിരെ കലാപത്തിനും വധശ്രമത്തിനും കേസ്. കേന്ദ്രസർക്കാറിൻറെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന 350 കർഷകർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കൊവിഡ് ആശുപത്രി ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെയും സർക്കാർ ഉദ്യോഗസ്ഥരെയും ഉപരോധിച്ചതിനെതിരെയാണ് കേസ്. അർബൻ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ ചാർജിലുണ്ടായിരുന്ന ഇൻസ്പെക്ടർ വിരേന്ദ്ര കുമാറിൻറെ പരാതിയിലാണ് നടപടി.
കലാപം, മാരക ആയുധം കൈവശം സൂക്ഷിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കർഷകരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് വനിത പൊലീസുകാർ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
മേയ് 16നാണ് കേസിന് ആസ്പദമായ സംഭവം. ഹിസാറിൽ കൊവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ പ്രക്ഷോഭം തുടരുന്ന കർഷകർ ഉപരോധിക്കുകയായിരുന്നു. തുടർന്ന് കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തുകയായിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ നിരവധി കർഷകർക്ക് പരിക്കേറ്റിരുന്നു.