Thu. Jan 23rd, 2025
തിരുവനന്തപുരം:

കേരളത്തില്‍ ഇന്ന് 32762 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 112 മരണം ആണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.  140545 സാമ്പിളുകൾ പരിശോധിച്ചു. ചികിത്സയിലുള്ളത് 331860 പേരാണ്. 48413 പേർ രോഗമുക്തരായി.

മുൻ ആഴ്ചയെ അപേക്ഷിച്ച് ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 12.1 ശതമാനം കുറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

തിരുവനന്തപുരം, എറണാകുളം മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദം. അവശ്യ സർവീസുകൾ മാത്രമാണ് ഈ ജില്ലകളിൽ അനുമതി. പൊലീസ് നിയന്ത്രണത്തോട് ജനം സഹകരിക്കുന്നു. സംസ്ഥാനത്ത് നിയന്ത്രണം നടപ്പാക്കുന്നതിന് 40000 പൊലീസുകാരെ നിയോഗിച്ചു.

പരിശീലനത്തിലുള്ള മൂവായിരത്തോളം പൊലീസുകാർ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വളണ്ടിയർമാരാണ്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ വീടിന് പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. ഇതിനായി 3000 മൊബൈൽ പട്രോൾ സംഘങ്ങളെ നിയോഗിച്ചു.

നിയന്ത്രണം ഫലം കണ്ട് തുടങ്ങി. എന്നാൽ നിലവിലെ നിയന്ത്രണത്തിൽ അയവ് വരുത്താൻ സമയമായിട്ടില്ല. ജാഗ്രത തുടരുക തന്നെ വേണം.

ബ്ലാക് ഫംഗസ് രോഗബാധ മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. പ്രത്യേക ഇനം പൂപ്പലുകളിൽ നിന്നാണ് ബ്ലാക്ക് ഫംഗസ് രോഗബാധ ഉണ്ടാകുന്നത്. ചുറ്റുപാടുകളിൽ പൊതുവേ കാണുന്ന ഒരു തരം പൂപ്പലാണ്. ബ്ലാക്ക് ഫംഗസ് പുതിയ രോഗമല്ല.

നേരത്തെ തന്നെ ലോകത്ത് ഈ രോഗത്തിന്റെ 40 ശതമാനം റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. ഒരു ലക്ഷം പേരിൽ 14 പേർക്കായിരുന്നു രാജ്യത്ത് രോഗം കണ്ടുവന്നിരുന്നത്. നിയന്ത്രാണാതീതമായ പ്രമേഹ രോഗികളിൽ രോഗബാധ അപകടകാരിയാകാറുണ്ട്.

അവയവ മാറ്റ ശസ്ത്രക്രിയ നടന്നവരിലും കാൻസർ രോഗികളിലും ഈ രോഗം കണ്ടെത്തുന്നുണ്ട്.

By Divya