കോട്ടയം:
സംസ്ഥാന മന്ത്രിസഭയിൽ മൂന്ന് വനിതകൾക്കിടം നൽകി പിണറായി സർക്കാർ. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് കേരളത്തിന് മൂന്ന് വനിത മന്ത്രിമാരെ ഒന്നിച്ചുകിട്ടുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം സിപിഐക്ക് വനിതമന്ത്രിസ്ഥാനം കിട്ടുന്നതും ആദ്യം. രണ്ട് വനിതകൾക്ക് ആദ്യമായി മന്ത്രിപദം ലഭിച്ചതും കഴിഞ്ഞ ഇടതുസർക്കാറിലായിരുന്നു.
1957 മുതൽ ഇതുവരെ മന്ത്രിമാരായ വനിതകളുടെ എണ്ണം വെറും എട്ടാണ്. വീണ ജോർജ്, ആർ ബിന്ദു, ജെ ചിഞ്ചുറാണി എന്നീ പുതിയ മൂന്ന് മന്ത്രിമാർകൂടി ചേരുന്നതോടെ എണ്ണം 11 ആകും. കെ ആർ ഗൗരിയമ്മ, എം. കമലം, എം ടി പത്മ, സുശീല ഗോപാലന്, പി കെ ശ്രീമതി, പി കെ ജയലക്ഷ്മി, കെ കെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് ഇതുവരെ മന്ത്രിപദം അലങ്കരിച്ച വനിതകൾ.
ഏറ്റവും കൂടുതൽ തവണ മന്ത്രിയായ റെക്കോഡ് കെ ആർ ഗൗരിയമ്മക്കാണ്.ആറുതവണ. കോൺഗ്രസിൻറെ എം ടി പത്മ രണ്ടുതവണയും മറ്റുള്ളവർ ഓരോ തവണയും മന്ത്രിമാരായി. ഒമ്പത് നിയമസഭകളിൽ വനിതമന്ത്രിമാരുണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയം.