Wed. Jan 22nd, 2025
തിരുവനന്തപുരം:

സിപിഐഎമ്മും സിപിഐയുമായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിലെ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക. കെകെ ശൈലജയ്ക്ക് പകരം ആരോഗ്യവകുപ്പ് ആര് കൈകാര്യം ചെയ്യുമെന്നതാണ് ചർച്ചകളെ ശ്രദ്ധേയമാക്കുന്നത്. വീണാ ജോർജിനോ ആർ ബിന്ദുവിനോ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.

വിദ്യാഭ്യാസ വകുപ്പിലേക്കും ഇവരുടെ പേരുകളാണ് സജീവം. ധനകാര്യം കെ എൻ ബാലഗോപാലിനും വ്യവസായം പി രാജീവിനും തദ്ദേശം എം വി ഗോവിന്ദനും ലഭിച്ചേക്കും. പൊതുമരാമത്തിനൊപ്പം പട്ടിക വിഭാഗം കെ രാധാകൃഷ്ണനാണ് സാധ്യത. വി എൻ വാസവനെ എക്‌സൈസിലേക്ക് പരിഗണിക്കുന്നു.

വൈദ്യുതി, സഹകരണം, ദേവസ്വം എന്നിവയായിരിക്കും വി ശിവൻകുട്ടിക്ക് ലഭിച്ചേക്കുക. മുഹമ്മദ് റിയാസിന് യുവജനക്ഷേമവും ടൂറിസവും ലഭിച്ചേക്കുമെന്നാണ് സൂചന. സജി ചെറിയാനെയും വൈദ്യുതി വകുപ്പിലേക്ക് പരിഗണിക്കുന്നുണ്ട്. വി അബ്ദുറഹ്മാന് ന്യൂനപക്ഷ ക്ഷേമത്തോടൊപ്പം മറ്റൊരു പ്രധാന വകുപ്പ് കൂടി നൽകിയേക്കും.

സിപിഐയിൽ നിന്ന് കെ രാജന് റവന്യുവും പി പ്രസാദിന് കൃഷിയും ജിആർ അനിലിന് ഭക്ഷ്യവും നൽകാനാണ് ആലോചന. ജെ ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലീഗൽ മെട്രോളജിയും നൽകിയേക്കും.

കേരള കോൺഗ്രസ് എമ്മിന് ജലവിഭവം നൽകിയേക്കും. ജെഡിഎസിന് വനം പോലുള്ള പ്രധാന വകുപ്പ് ലഭിച്ചേക്കും. എൻസിപിയിൽ നിന്ന് ഗതാഗതം ഏറ്റെടുത്ത് മറ്റൊന്ന് നൽകുമെന്നും സൂചനയുണ്ട്. ആന്റണി രാജുവിന് ഫിഷറീസാണ് പരിഗണിക്കുന്നത്. അഹമ്മദ് ദേവർകോവിലിന് വഖഫും ഹജ്ജും നൽകിയേക്കും.

By Divya