Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

ആളുകള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കുന്നത് ഒരു നല്ല കാര്യമല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് രണ്ടാം തരംഗം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ നിലപാടുമായാണ് നിതിന്‍ ഗഡ്കരി രംഗത്തെത്തിയിരിക്കുന്നത്.

വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങ്ങിനിടെയായിരുന്നു അദ്ദേഹം ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിട്ടതില്‍ തന്റെ രോഷം പ്രകടിപ്പിച്ചത്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമമുണ്ടെന്ന് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരോ ബിജെപിയോ ഇതുവരെയും തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന കൂടുതല്‍ ചര്‍ച്ചയാകുന്നുണ്ട്.

കൊവിഡിന്റെ രണ്ടാം തരംഗമോ മൂന്നാം തരംഗമോ ഉണ്ടാവുകയാണെങ്കില്‍, അതിനെ നേരിടാന്‍ ആശുപത്രികളില്‍ ഓക്‌സിജനുള്ള സൗകര്യമുണ്ടായിരിക്കണമെന്ന് ഗഡ്കരി പറഞ്ഞു. എല്ലാ ആശുപത്രികളെയും ഓക്‌സിജനില്‍ സ്വയം പര്യാപ്തരാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെയ് മാസം തുടക്കത്തില്‍ ഗഡ്കരിയുടെ വകുപ്പിന്റെ കീഴില്‍ വരുന്ന നാഷണല്‍ ഹൈവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിന്റെ ചുമതല ഗഡ്കരി ഏല്‍പ്പിച്ചിരുന്നു. സന്നദ്ധ സംഘടനകളും മത സംഘടനകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സിലിണ്ടറുകള്‍ വിതരണം ചെയ്യാനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

By Divya