Mon. Dec 23rd, 2024
ലഖ്​നൗ:

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനമുയർത്തി ബിജെപി എംഎൽഎ രംഗത്ത്​. കൊവിഡിനെ നേരിടുന്നതിൽ യോഗി സർക്കാർ പരാജയമാണെന്നും ഇതിനെക്കുറിച്ച്​ കൂടുതൽ പറഞ്ഞാൽ രാജ്യദ്രോഹം ചുമത്തിയേക്കാമെന്നും സീതാപൂർ എംഎൽഎ രാകേഷ്​ റാത്തോഡ്​ പ്രതികരിച്ചു.

ഇതിന്‍റെ വിഡിയോ വൈറലായതോടെ വിശദീകരണവുമായി രാകേഷ്​ എത്തി. ”സീതാപൂർ ജില്ലയിലെ ജമയ്യത്​പൂരിൽ ഞാനൊരു ട്രോമ സെന്‍റർ ആവശ്യപ്പെട്ടിരുന്നു​. അതിനായി ഒരു ബിൽഡിങ്​ അനുവദിച്ചെങ്കിലും ട്രോമ സെൻർ ആരംഭിച്ചിട്ടില്ല. ഇത്​ സംബന്ധിച്ച്​ ഞാൻ യോഗിക്ക്​ കത്തെഴുതിയിരുന്നു. ഇങ്ങനെയാണെങ്കിൽ എങ്ങനെയാണ്​ ജനങ്ങൾക്ക്​ ഈ ദുരിതത്തിനിടയിൽ ചികിത്സ ലഭിക്കുക”.

തന്‍റെ മണ്ഡലത്തിലേക്ക്​ ആരോഗ്യ സാമഗ്രികളും ചികിത്സ സൗകര്യവും ആവശ്യപ്പെട്ട്​ നിരവധി തവണ കത്തെഴുതിയെങ്കിലും അനുകൂല സമീപനം ഉണ്ടാകാത്തതിനാലാണ്​ രാകേഷ്​ പരസ്യ വിമർശനം നടത്തിയത്​. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ്​ രാകേഷ്​ ബിഎസ്​പി വിട്ട്​ ബിജെപിയിലെത്തിയത്​.

വിമർ​ശകൾക്കെതിരെ യോഗി സർക്കാർ പ്രയോഗിക്കുന്ന രാജ്യദ്രോഹക്കുറ്റത്തിനെയും എംഎൽഎ പരാമർശിച്ചത്​ ബിജെപിക്ക്​ തലവേദനയാകുന്നുണ്ട്.

By Divya