Sun. Feb 23rd, 2025
ലക്‌നൗ:

യു പിയിലെ ചെറിയ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ആരോഗ്യസംവിധാനം ദൈവത്തിന്റെ കരുണ കാത്തുകിടക്കുകയാണെന്ന് അലഹബാദ് ഹൈക്കോടതി. സംസ്ഥാനത്തെ ക്വാറന്റീന്‍ സെന്ററുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരണപ്പെട്ടപ്പോള്‍ അജ്ഞാത മൃതദേഹം എന്നുപറഞ്ഞ് മൃതദേഹം സംസ്‌കരിച്ച മീററ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

നഗരത്തിലെ ഒരു മികച്ച ആശുപത്രിയിലെ സ്ഥിതി ഇതാണെങ്കില്‍ യു പിയിലെ ഗ്രാമങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അശ്രദ്ധയോടെ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നിരപരാധികളായ ജനങ്ങളുടെ ജീവിതം നിങ്ങള്‍ക്ക് തമാശ കളിക്കാനുള്ളതല്ല.

ഇത്തരം അനാസ്ഥ കാണിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണം’, കോടതി പറഞ്ഞു.

By Divya